
ഗാസിയാബാദ്: വീട്ടിലെ എല്‍.ഇ.ഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും സുഹൃത്തിനും അപകടത്തില്‍ പരിക്കേറ്റു. ശക്തമായ സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 16കാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊട്ടിത്തെറിയെത്തുടര്‍ന്ന് കുട്ടിയുടെ മുഖത്തും നെഞ്ചിലും കഴുത്തിലും ടിവിയുടെ ഗ്ലാസ് പൊട്ടിച്ചിതറി തറച്ച് കയറുകയായിരുന്നു. ടിവി പൊട്ടിത്തെറിച്ച മുറിയില്‍ കുട്ടിക്കൊപ്പം അമ്മയും സഹോദരഭാര്യയും സുഹൃത്തുമുണ്ടായിരുന്നു.
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതിയതെന്ന് സ്‌ഫോടനശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ പറഞ്ഞു.