ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര പട്ടികയില്‍ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകര്‍ മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും ഇടം നേടിയതായി റിപ്പോര്‍ട്ടുകള്‍. റോയിറ്റേഴ്‌സ് സര്‍വ്വേ പ്രകാരം ടൈം വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫാക്ട് ചെക്ക് വെബ്‌സൈറ്റാണ് ആള്‍ട്ട് ന്യൂസ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ പിന്നിലെ വസ്തുതകള്‍ പരിശോധിച്ച് ആള്‍ട്ട് ന്യൂസ് വെബ്‌സൈറ്റ് വഴി യഥാര്‍ത്ഥചിത്രം പുറത്തുവിടാറുണ്ട്. നാല് വര്‍ഷം മുന്‍പുള്ള ട്വീറ്റിന്റെ പേരില്‍ കഴിഞ്ഞ ജൂണില്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെതിരെ ആഗോളതലത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ പിന്നീട് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ഒരു മാസത്തിന് ശേഷം സുബൈര്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് സമാധാന നൊബേല്‍ പ്രഖ്യാപിക്കുക. ആകെ 343 പേരാണ് പരിഗണനാപട്ടികയില്‍ ഉള്ളത്. ഇതില്‍ 251 ആളുകളും 92 സംഘടനകളും ഉള്‍പ്പെടുന്നു. ബെലാറസ് പ്രതിപക്ഷനേതാവ് സ്വെറ്റ് ലാന സിഖനൂസ്‌കയ, ബ്രോഡ്കാസ്റ്ററായ ഡേവിഡ് ആറ്റന്‍ബറോ, കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്, പോപ്പ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പുരസ്‌കാരത്തിനായുള്ള പരിഗണനാപട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.