ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ദ്രാച്ച് മേഖലയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചത്.
ദ്രാച്ചില്‍ മൂന്ന് പേരെയാണ് വധിച്ചത്. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. പുല്‍വാമയില്‍ ഒക്ടോബര്‍ രണ്ടിന് പൊലീസുദ്യോഗസ്ഥനായ ജാവേദ് ധര്‍, സെപ്റ്റംബര്‍ 24-ന് പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളി എന്നിവരെ കൊലപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ടവരാണ് ഇവരെന്ന് എഡിജിപി അറിയിച്ചു.കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
ഷോപ്പിയാനിലെ മൂലുവില്‍ ലഷ്‌കര്‍ ഇ തോയ്ബ സംഘത്തില്‍പ്പെട്ട ഭീകരനെയാണ് സുരക്ഷാസൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. മൂലുവില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഷോപ്പിയാനില്‍ കഴിഞ്ഞ 12 മണിക്കൂറിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണ്. സൈന്യം പ്രദേശം വളഞ്ഞതായി പൊലീസ് അറിയിച്ചു.