
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പദവികളിലിരിക്കുന്നവര്‍ പരസ്യ നിലപാടെടുക്കുന്നത് ശരിയല്ലെന്ന് ശശി തരൂര്‍. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ നല്‍കിയത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്ന് കരുതുന്നതായി ശശി തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി പദവികളിലിരിക്കുന്നവര്‍ പരസ്യ നിലപാടെടുക്കരുതെന്ന് സര്‍ക്കുലറുണ്ടെന്നും അതുകൊണ്ട് സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നും അതില്‍ പ്രശ്‌നമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
വലിയ നേതാക്കന്‍മാരുടെ പിന്തുണ താന്‍ പ്രതീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണ പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്. അവര്‍ വിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്യുന്നുണ്ട്. യുവനേതാക്കളും തനിക്കൊപ്പമാണെന്ന് ശശി തരൂര്‍ പറഞ്ഞു.
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രണ്ട് സ്ഥാനാര്‍ത്ഥികളുണ്ടാകുമ്പോള്‍ രണ്ട് അഭിപ്രായങ്ങളും ഉണ്ടാകും. അതാണ് തെരഞ്ഞെടുപ്പിന്റെ സൗന്ദര്യം. പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയും ഗുണത്തിന് വേണ്ടിയുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കി തെരഞ്ഞെടുപ്പിന് ശേഷം അറിയാമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം കേരളത്തില്‍ പ്രചാരണത്തിനെത്തിയതായിരുന്നു തരൂര്‍.