
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്പിലേക്ക് യാത്ര പുറപ്പെട്ടു. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 3.45നാണ് സംഘം പുറപ്പെട്ടത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനുമുണ്ട്. സംഘത്തിന്റെ ആദ്യ യാത്ര നോര്വെയിലേക്കാണ്.
ഒക്ടോബര്‍ രണ്ടിനായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്യന്‍ പര്യടനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെത്തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു.
നോര്‍വെയ്ക്ക് പിന്നാലെ ബ്രിട്ടന്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും സംഘം സന്ദര്‍ശിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകള്‍ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദര്‍ശനലക്ഷ്യം. മുഖ്യമന്ത്രിയുടെ നോര്‍വെ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കുക. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍ മാതൃകകളും പരിചയപ്പെടും. ഇംഗ്ലണ്ടിലേക്കും വെയില്‍സിലേക്കും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പോകുന്നുണ്ട്. വെയില്‍സിലെ ആരോഗ്യമേഖലയെക്കുറിച്ച് പഠിക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
ലണ്ടനില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചുചേര്‍ക്കുന്നുണ്ട്. ഗ്രാഫീന് പാര്‍ക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സര്‍വ്വകലാശാലകളുമായി ധാരണാപത്രം ഒപ്പുവെക്കും. പതിമൂന്നാം തീയതി വരെയാണ് സന്ദര്‍ശനം.