ശ്രീനഗര്‍: ജമ്മു കശ്മീര്‍ ജയില്‍ ഡിജിപി ഹേമന്ദ് കുമാര്‍ ലോഹിയ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ വീട്ടുജോലിക്കാരന്‍ യാസിര്‍ അഹമ്മദ് അറസ്റ്റില്‍. തിങ്കളാഴ്ച രാത്രിയാണ് ജമ്മുവിലെ വീട്ടില്‍ ലോഹിയയെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദിന്റെ മുന്നണിയെന്ന് പൊലീസ് പറയുന്ന പി.എ.എഫ്.എഫ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രാഥമികാന്വേഷണത്തില്‍ കൊലപാതകത്തിന് ഭീകരബന്ധമില്ലെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് യാസിര്‍ അഹമ്മദ് പിടിയിലായത്.
കൃത്യത്തിനുപയോഗിച്ച ആയുധവും പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച രേഖകളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതി ആക്രമണ ശൈലിയുള്ള വ്യക്തിയാണെന്നും വിഷാദത്തിലായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. സംഭവത്തിന് ശേഷം യാസില്‍ ലോഹിയയുടെ വീട്ടില്‍ നിന്നും ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.