ന്യൂഡല്‍ഹി: കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്ത സംഭവത്തില്‍ നാല് ഇറ്റാലിയന്‍ പൗരന്മാര് അറസ്റ്റില്‍. ഗുജറാത്തില്‍ വെച്ചാണ് ഇവരെ സിറ്റി ക്രൈംബ്രാഞ്ചും ഭീകരവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇറ്റാലിയന്‍ പൗരന്മാരായ ജാന്‍ ലൂക്ക, സാഷ, ഡാനിയേല്‍, പൗള എന്നിവരാണ് പിടിയിലായത്. അഹമ്മദാബാദില്‍ അപ്പാരല്‍ പാര്‍ക്ക് സ്റ്റേഷനില്‍ മെട്രോ ട്രെയിനില്‍ ഗ്രാഫിറ്റി വരച്ച കേസിലാണ് ഇവര്‍ പിടിയിലായത്
കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് മെട്രോ റെയിലിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇവര്‍ ഗ്രാഫിറ്റി ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നാലുപേരെയും കോത്തവാലയിലെ ഒരു ഫ്ലാറ്റില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കടന്ന് മെട്രോ റെയില്‍ കോച്ചില്‍ പെയിന്റ് ചെയ്യുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ലോകത്തിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ച് ട്രെയിനുകളില്‍ ഗ്രാഫിറ്റി ചെയ്യുന്ന റെയില്‍ ഗൂണ്‍സ് എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
കൊച്ചിയിലും മുംബൈയിലും ജയ്പ്പൂരിലും മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിന് പിന്നില്‍ ഇവരാണെന്നാണ് അഹമ്മദാബാദ് പൊലീസ് സൂചിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചി മെട്രോ പൊലീസ് സംഘം അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കൊച്ചി മെട്രോയിലെ നാല് കോച്ചുകളില്‍ സ്പ്ലാഷ്, ബേണ്‍ എന്നീ വാക്കുകള്‍ പെയിന്റ് ചെയ്തത് ഇവരാണെന്നും പൊലീസ് വ്യക്തമാക്കി. കൊച്ചി മെട്രോയുടെ അതിസുരക്ഷാ മേഖലയായ മുട്ടം യാഡിലായിരുന്നു ഗ്രാഫിറ്റി ചെയ്തത്.