ബെംഗലൂരു: ഇന്ത്യയുടെ ആദ്യ ചൊവ്വാദൗത്യമായ മംഗള്‍യാന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. മംഗള്‍യാന്‍ പ്രവര്‍ത്തിക്കാനാവശ്യമായ പ്രൊപ്പല്ലന്റിന്റെ സുരക്ഷാപരിധി അവസാനിച്ചതായും ഇന്ധനം തീരാറായ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
2013 നവംബര്‍ അഞ്ചിനാണ് 450 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ വിക്ഷേപിച്ചത്. പി.എസ്.എല്‍.വി സി 25 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 2014 സെപ്റ്റംബര്‍ 24-ന് ആദ്യ ശ്രമത്തില്‍ തന്നെ പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തപ്പെട്ടു.
പേടകത്തില്‍ ഇന്ധനം അവശേഷിക്കുന്നില്ലെന്നും ബാറ്ററി തീര്‍ന്നതായും ഇതേത്തുടര്‍ന്ന് ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായെന്നുമാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വാര്‍ത്താഏജന്‍സിയോട് പ്രതികരികരിച്ചിരിക്കുന്നത്. പക്ഷെ, ഇത് സംബന്ധിച്ച് ഐ.എസ്.ആര്‍.ഒയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
മംഗള്‍യാന്‍ വിക്ഷേപണത്തിലൂടെ ചൊവ്വാദൗത്യത്തിലേര്‍പ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണുവികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്.