ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി പാര്‍ട്ടി നേതൃത്വം. സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുന്നതില്‍ ഭാരവാഹികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഏതെങ്കിലും തരത്തില്‍ സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്നുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയിലെ ഭാരവാഹി സ്ഥാനങ്ങള്‍ രാജിവെയ്ക്കണമന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു.
ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ആരും മത്സരരംഗത്തില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും വ്യക്തിപരമായാണ് തെരഞ്ഞടുപ്പിനെ നേരിടുന്നത്. വോട്ടര്‍മാര്‍ക്ക് ബാലറ്റിലൂടെ ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍, പിസിസി പ്രസിഡന്റുമാര്‍, കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാക്കള്‍, ഔദ്യോഗിക വക്താക്കള്‍ തുടങ്ങി പാര്‍ട്ടി സ്ഥാനങ്ങള്‍ വഹിക്കുന്നവരാരും അധ്യക്ഷ തെരഞ്ഞെടുപ്പില്‍ അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്താന്‍ പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാര്‍ട്ടിയിലെ സ്ഥാനം രാജിവച്ച ശേഷം മാത്രമേ പ്രചാരണം നടത്താന്‍ പാടുള്ളുവെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പിസിസി പ്രസിഡന്റുമാര്‍ സഹകരിക്കണം. വോട്ടര്‍മാരുടെ യോഗം വിളിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ അതിനുവേണ്ട സഹായങ്ങള്‍ ചെയ്യണം. എന്നാല്‍ പിസിസി അധ്യക്ഷന്‍മാര്‍ നേരിട്ട് യോഗം വിളിക്കാന്‍ പാടില്ല. യോഗം വിളിക്കാനുള്ള അവകാശം സ്ഥാനാര്‍ത്ഥിക്കും നിര്‍ദ്ദേശകനും പിന്തുണയ്ക്കുന്നവര്‍ക്കും മാത്രമാണ്. വോട്ടര്‍മാരെ കൊണ്ടുവരാന്‍ സ്ഥാനാര്‍ത്ഥികള്‍ വാഹനം ഉപയോഗിക്കാന്‍ പാടില്ല. ലഘുലേഖകളോ മറ്റ് പ്രസിദ്ധീകരണ പ്രചാരണങ്ങളോ പാടില്ല. അതിന് വിപരീതമായി പ്രവര്‍ത്തിച്ചാല്‍ തെരഞ്ഞെടുപ്പ് അസാധുവാക്കും. സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചാരണം പാടില്ലെന്ന് ഉറപ്പുവരുത്തണം. അത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുമെന്നും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. ഒക്‌ടോബര്‍ 17-നാണ് വോട്ടെടുപ്പ് നടക്കുക. ശേഷം 19-ാം തീയതി വോട്ടെണ്ണും. അന്നുതന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും