
കൊച്ചി: അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി ചാനല്‍ അവതാരകയെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് നടപടി. പരാതി നല്‍കിയ അവതാരക ഒത്തുതീര്‍പ്പിലെത്തിയതും പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്നും നടിയുടെ അഭിഭാഷകന്‍ അറിയിച്ചതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.
ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നതായും ചെയ്ത തെറ്റ് അദ്ദേഹം ഏറ്റുപറഞ്ഞതായും അവതാരക പ്രതികരിച്ചു. ഒരു കലാകാരന്‍ കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ കൊടുക്കാനുള്ള മാനസികാവസ്ഥ തനിക്കുണ്ട്. നടന്റെ കരിയര്‍ നശിപ്പിക്കാന്‍ ആഗ്രഹമില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുതെന്നും വേറൊരാളോടും ഇങ്ങനെ പെരുമാറരുതെന്നതാണ് തന്റെ ആവശ്യമെന്നും പരാതിക്കാരി പ്രതികരിച്ചു.
അടുത്തിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചട്ടമ്പി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെ ഇന്റര്‍വ്യൂ നല്‍കാനെത്തിയ ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ച് സംസാരിച്ചെന്നായിരുന്നു പരാതി. പൊലീസിനും സിനിമാസംഘടനകള്‍ക്കും അവതാരക പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മരട് പൊലീസാണ് നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
പരാതിക്കാരിയോട് നേരിട്ട് സംസാരിക്കാനും ക്ഷമാപണം നടത്താനും ശ്രീനാഥിന് സിനിമാസംഘടനകള്‍ വഴി അവസരം ഒരുക്കി നല്‍കിയതിനെത്തുടര്‍ന്നാണ് യുവതി പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാഥ് ഭാസിയ്ക്ക് നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്ന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.