
കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ നിന്ന് ആറ് വയസ്സുള്ള മകളുമായി പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ലൈജു(36)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒപ്പം ചാടിയ ആറ് വയസ്സുള്ള മകള്‍ ആര്യനന്ദയെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്.
പൊലീസും അഗ്നിശമനസേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ലൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുതുവാശ്ശേരി കവലയിലെ വാടക കെട്ടിടത്തില്‍ സാനിട്ടറി ഷോപ്പ് നടത്തിവരികയായിരുന്നു ഇയാള്‍. ലൈജുവിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
അത്താണി അസീസി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആര്യനന്ദ. സാധാരണ സ്‌കൂള്‍ ബസില്‍ പോകാറുള്ള ആര്യനന്ദയെ ലൈജു താന്‍ വീട്ടില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്നു. ലൈജുവിന്റെ ഭാര്യ സവിത ദുബായില്‍ അഞ്ച് വര്‍ഷത്തോളമായി ബ്യൂട്ടീഷനായി ജോലി ചെയ്യുകയാണ്. മകന്റെ ജന്‍മദിനം ആഘോഷിക്കാന്‍ അടുത്ത മാസം നാട്ടില്‍ വരുമെന്ന് സവിത അറിയിച്ചിരുന്നെങ്കിലും രോഗബാധിതയായ അമ്മ അവശനിലയിലായതിനാല്‍ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് സംഭവമുണ്ടായത്.