പാസഞ്ചര്‍ വാഹനങ്ങളില്‍ ആറ് എയര്‍ബാഗ്; നിബന്ധന ഒരു വര്‍ഷത്തേക്ക് നീട്ടി കേന്ദ്രം

ന്യൂഡെല്‍ഹി: എട്ട് സീറ്റുകളുള്ള വാഹനത്തില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശം നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി. അടുത്ത വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ പദ്ധതി രാജ്യത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് കണക്കിലെടുത്താണ് തീരുമാനമെന്ന് ഗഡ്ഗരി അറിയിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ നടപ്പിലാക്കാനായിരുന്നു ആദ്യ തീരുമാനം.

പുതിയ നിയമം നടപ്പാക്കുന്നതിന് പത്ത് ലക്ഷം യൂണിറ്റ് എയര്‍ബാഗുകള്‍ അധികമായി വേണ്ടിവരുമെന്നും ഇന്ത്യയില്‍ അതിനുള്ള നിര്‍മ്മാണശാലകളില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവൈ മന്ത്രാലയം ജനുവരിയില്‍ പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ഒക്ടോബര്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന എല്ലാ കാറുകളിലും ഇത് ബാധകമാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കിയാല്‍ ഇപ്പോഴത്തേക്കാള്‍ മൂന്നിരട്ടി, അതായത് പതിനെട്ട് ലക്ഷത്തോളം എയര്‍ബാഗുകള്‍ അധികമായി വേണ്ടിവരും.

വാഹനങ്ങളുടെഎണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം അപകടങ്ങളുടെ എണ്ണവും ഉയരുകയാണ്. വാഹനങ്ങളിലെ എയര്‍ബാഗുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതോടെ അപകടത്തില്‍ പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

എട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന എം1 കാറ്റഗറി വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന് കരട് നിര്‍ദേശം 2022 ജനുവരിയാണ് പുറത്തുവന്നത്. മുന്‍നിരയില്‍ രണ്ട് സാധാരണ എയര്‍ബാഗും പിന്നിലെ രണ്ട് നിരകളിലായി കര്‍ട്ടണ്‍ എയര്‍ബാഗും നല്‍കണമെന്നാണ് നിര്‍ദ്ദേശം.