ന്യൂഡെല്‍ഹി: ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ കാബിനറ്റ് മന്ത്രിയുമായ ഹര്‍ഷ് മഹാജന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചുകൊണ്ട് മഹാജന്‍ പാര്‍ട്ടി വിടുന്നത്. ഈ വര്‍ഷം മേയിലാണ് മഹാജനെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്. നവംബറിലാണ് ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസിന് സംസ്ഥാനത്ത് ദിശാബോധം നഷ്ടപ്പെട്ടതായി മഹാജന്‍ കുറ്റപ്പെടുത്തി. ‘സംസ്ഥാനത്ത് പാര്‍ട്ടിക്ക് നേതാവില്ല, കാഴ്ചപ്പാടില്ല. അടിത്തട്ടില്‍ പ്രവര്‍ത്തകരില്ല. കുടുംബാധിപത്യം മാത്രമാണുള്ളത്.’ ഹര്‍ഷ് മഹാജന്‍ കുറ്റപ്പെടുത്തി.
ഛംബ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച നേതാവാണ് ഹര്‍ഷ് മഹാജന്‍.1972 മുതല്‍ കോണ്‍ഗ്രസ് അംഗമായ ഇദ്ദേഹത്തിന് സ്വദേശമായ ഛംബയില്‍ വലിയ ജനസ്വാധീനമുണ്ട്. മുന്‍ മന്ത്രിയും സ്പീക്കറുമായ രാജ് മഹാജന്റെ മകനാണ്. 1986 മുതല്‍ 1995 വരെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.