
ന്യൂഡെല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്താണ് നടപടി. സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കുറ്റകരമായും കണക്കാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്(ആര്.ഐ.എഫ്), ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ(സി.എഫ്.ഐ), ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍(എ.ഐ.ഐ.സി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന്(എസ്.സി.എച്ച്.ആര്.ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, കേരളത്തിലെ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന് ആന്‍ഡ് റിഹാബ് ഓര്ഗനൈസേഷന് എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദേശീയ സുരക്ഷാ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിനായി ആവശ്യപ്പെട്ടതായി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. നിയമം ലംഘിച്ച് സംഘടനയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത സംഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തതായാണ് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് നിലവില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനുമെതിരെ പോപ്പുലര്‍ ഫ്രണ്ട് കഴിഞ്ഞ ദിവസം കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമസംഭവങ്ങളാണ് സംസ്ഥാനത്തുടനീളം അരങ്ങേറിയത്.