കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡി.എ) നാല് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 34 ശതമാനമായിരുന്നു ക്ഷാമബത്ത. ഡി.എ വര്‍ദ്ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനം ആകും. 2022 ജൂലൈ 1 മുതലുള്ള മുന്‍കാല പ്രാബല്യമുണ്ടാകും.

ദസറയ്ക്ക് മുന്നോടിയായി റെയില്‍വേ ജീവനക്കാര്‍ക്ക് നല്‍കുന്ന ബോണസിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 78 ദിവസത്തെ ബോണസിനാണ് അംഗീകാരം. കഴിഞ്ഞ വര്‍ഷവും ഇതേരീതിയിലാണ് ബോണസ് നല്‍കിയത്. 11 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് ഗുണം ലഭിക്കും.

പണപ്പെരുപ്പം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം കൂട്ടാന്‍ തീരുമാനമായത്. 47.68 ലക്ഷം ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ക്ഷാമബത്ത പ്രഖ്യാപനം പ്രാബല്യത്തില്‍ വരുന്ന തീയതി ജൂലൈ 1 ആയതിനാല്‍, ജീവനക്കാര്‍ക്ക് അടുത്ത ശമ്പളത്തോടൊപ്പം കുടിശ്ശികയും നല്‍കും.