
കൊച്ചി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നും നാളെയും എറണാകുളം ജില്ലയില്‍ പര്യടനം നടത്തും. ഇന്ന് രാവിലെ 6.30-ന് കുമ്പളം ടോള്‍ പ്ലാസയില്‍നിന്ന് ജാഥ ആരംഭിച്ചു. പദയാത്ര 10:30-ന് ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ എത്തിച്ചേരും.
അരൂര്‍ മുതല്‍ ഇടപ്പള്ളി വരെ ഇന്ന് രാവിലെ 6.30 മുതല്‍ 11.30 വരെയും ദേശീയപാതയില്‍ വൈകിട്ട് 3 മണി മുതല്‍ 9 വരെയും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നു സിറ്റി പൊലീസ് അറിയിച്ചു. ആലുവ ഭാഗത്തു നിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ക്കു നിയന്ത്രണമില്ല.
ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 2:30 വരെ സ്റ്റാര്‍ട്ടപ്പ് ഐ.ടി മേഖലയിലെ പ്രഫഷനലുകളുമായും 2:30 മുതല്‍ മൂന്ന് മണി വരെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാല് മണിക്ക് ഇടപ്പള്ളി ടോള്‍ ജംക്ഷനില്‍ നിന്ന് പദയാത്ര പുനരാരംഭിക്കും. രാത്രി ഏഴ് മണിക്ക് ആലുവ സെമിനാരിപ്പടിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. യുസി കോളജിലാണ് താമസം.
ഗതാഗത നിയന്ത്രണങ്ങള്‍
ആലപ്പുഴ ഭാഗത്തുനിന്ന് തൃപ്പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി, ആലുവ, പറവൂര്‍ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും അരൂര്‍ പള്ളി സിഗ്‌നല്‍ ജങ്ഷനില്‍നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇടക്കൊച്ചി, പാമ്പായിമൂല, കണ്ണങ്കാട്ട് പാലം, തേവര ഫെറി ജങ്ഷനില്‍ എത്തി വിവിധ ഭാഗങ്ങളിലേക്ക് പോകണം. വലിയ വാഹനങ്ങള്‍ മേല്‍പറഞ്ഞ റൂട്ടിലൂടെ കുണ്ടന്നൂര്‍ ജങ്ഷനിലെത്തി എന്‍.എച്ച് 85ലൂടെ മരട്, മിനി ബൈപാസ് ജങ്ഷന്‍, പേട്ട ജങ്ഷന്‍, എസ്.എന്‍ ജങ്ഷന്‍ വഴി സീപോര്‍ട്ട്-എയര്‍ പോര്‍ട്ട് റോഡിലെത്തി യാത്ര തുടരണം.
ഭാരത് ജോഡോ യാത്ര കുണ്ടന്നൂര്‍ ജംക്ഷന്‍ പിന്നിട്ടു കഴിഞ്ഞാല്‍ വാഹനങ്ങള്‍ക്ക് അവിടം വരെ പ്രവേശനം നല്‍കും. തുടര്‍ന്ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴിയും കുണ്ടന്നൂര്‍ പാലം വഴിയും തിരിഞ്ഞു പോകാം. യാത്ര വൈറ്റില ജംക്ഷന്‍ പിന്നിട്ടാല്‍ വാഹനങ്ങള്‍ക്കു വൈറ്റില വരെ എത്തി തമ്മനം-പാലാരിവട്ടം റോഡ് വഴി യാത്ര അനുവദിക്കും. പദയാത്ര പാലാരിവട്ടം ജംക്ഷന്‍ കഴിഞ്ഞാല്‍ കാക്കനാട് സിവില്‍ ലൈന്‍ റോഡ് വഴി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴി ഗതാഗതം തിരിച്ചു വിടും.
ഇടപ്പള്ളി മുതല്‍ ആലുവ വരെ വൈകിട്ട് 3 മുതല്‍ രാത്രി 9 വരെയാണു നിയന്ത്രണം. ഇടപ്പള്ളിയില്‍ നിന്നു യാത്ര തുടങ്ങിയാല്‍ ഇടപ്പള്ളി ജംക്ഷന്‍, ഫ്‌ലൈഓവര്‍ വഴി ആലുവ ഭാഗത്തേക്കു യാത്ര പറ്റില്ല. കളമശേരി, ആലുവ, തൃശൂര്‍ പോകേണ്ട വാഹനങ്ങള്‍ ദേശീയപാത 66ലൂടെ കണ്ടെയ്‌നര്‍ റോഡിലെത്തി യാത്ര തുടരണം. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെ ഈ ഭാഗത്തേക്കു പോകുന്നവര്‍ എച്ച്എംടി റോഡ്, എന്‍എഡി റോഡ് വഴി യാത്ര തുടരണം. നഗരത്തില്‍ നിന്നു പുക്കാട്ടുപടി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ പാലാരിവട്ടം എസ്എന്‍ ജംക്ഷന്‍, പാലാരിവട്ടം ബൈപാസ് വഴി പോകണം.