
തിരുവനന്തപുരം: തെരുവുനായ വാക്‌സിനേഷനിലും വന്ധ്യംകരണത്തിലും ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് മുന്‍കരുതലിന് ആരോഗ്യവകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ദൗത്യത്തിനിറങ്ങും മുമ്പ് നിശ്ചിത കാലയളവുകളിലായി മൂന്ന് ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.
0-7-21 എന്നീ ഇടവേളകളിലാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. ജോലിക്കിടെ, നായകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. സംസ്ഥാനതല വിദഗ്ദ്ധ സമിതിയാണ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയത്. എല്ലാ ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്.
മുഴുവന്‍ ഡോസ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ 21 ദിവസ കാലയളവ് തെരുവുനായ വാക്‌സിനേഷന്‍ യജ്ഞത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ 0-7 കഴിഞ്ഞവരെ വാക്‌സിനേഷന്‍ യജ്ഞത്തിനിറക്കുന്ന കാര്യം പരിഗണിക്കാനാണ് സാധ്യത.