
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതത്തില്‍ അഴിമതി ആവോളമുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. സിപിഐ മുഖപത്രമായ ജനയുഗത്തിലും ഗവര്‍ണര്‍ക്കെതിരെ എഴുതിയിട്ടുണ്ട്. ഗവര്‍ണര്‍ മനോനില തെറ്റിയതുപോലെ പെരുമാറുന്നതായി ലേഖനത്തില്‍ ആരോപിക്കുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ജയിന്‍ ഹവാല ഇടപാട് കേസിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഈ കേസില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയ നേതാവായിരുന്ന അദ്ദേഹം 7.63 കോടി രൂപ വാങ്ങിയതായും, എല്ലാ രേഖകളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുളളതായും ദേശാഭിമാനിയിലെ ഒരു ലേഖനത്തില്‍ പറയുന്നു.
പദവിക്ക് പിന്നാലെ പോയ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് വിറ്റാണ് ബിജെപിയില്‍ എത്തിയതെന്നാണ് മറ്റൊരു ലേഖനത്തിലെ പരാമര്‍ശം. 1998-ല്‍ ലോക്‌സഭയില്‍ ബിജെപിക്കും വാജ്‌പേയിക്കുമെതിരെ ഗുരുതരമായ ആരോപണമുന്നയിച്ച് കോലാഹലം ഉണ്ടാക്കിയ അന്നത്തെ ബി.എസ്.പി എം.പിയായിരുന്ന അതേ ആരിഫ് മുഹമ്മദ് ഖാനാണ് ഇന്ന് ബിജെപി സര്‍ക്കാരിന്റെ കൂലിപ്പടയാളികളെപ്പോലെ കേരള സര്‍ക്കാരിനെതിരെ അസംബന്ധയുദ്ധം നയിക്കുന്നതെന്ന് മറ്റൊരു ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.