
തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടുമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. രണ്ടും ഭരണഘടനാ സ്ഥാപനങ്ങളാണ്. മാധ്യമങ്ങള്‍ ഉദ്ദേശിക്കുന്നതു പോലെ സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് മുന്നോട്ടുപോകില്ലെന്നും ശുഭാപ്തി വിശ്വാസമാണ് നല്ലതെന്നും സ്പീക്കര്‍ പറഞ്ഞു.
ഗവര്‍ണ്ണര്‍, മോദി സര്‍ക്കാരിന്റെ നയമാണ് നടപ്പിലാക്കുന്നതെന്ന വി. മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദപ്പെട്ട പദവിയില്‍ ഇരുന്ന് ഇങ്ങനെ പറയാന്‍ പറ്റുമോ എന്ന് പ്രസ്താവന നടത്തുന്നവര്‍ ചിന്തിക്കണമെന്നും സ്പീക്കര്‍ പ്രതികരിച്ചു.
രാജ് ഭവനെ വിരട്ടാമെന്ന് കരുതരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞിരുന്നു. അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാട് എടുക്കുക എന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയമാണ്. ഇവിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എടുത്തിരിക്കുന്നതും അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാടാണ്. അതുകൊണ്ടുതന്നെ ആ നിലപാട് ജനങ്ങളുടെ താല്‍പര്യമാണ്. ഗവര്‍ണറെ വിരട്ടി നിശബ്ദനാക്കാമെന്ന് കരുതുന്നത്, അദ്ദേഹത്തിന്റെ ചരിത്രം അറിയാത്തവരാണെന്നും മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു.