ന്യൂഡല്‍ഹി:നമീബിയയില്‍ നിന്നെത്തിച്ച എട്ടു ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടു. തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചീറ്റകളെ തുറന്നുവിട്ടത്. ജഖോഡ പുല്‍മേടുകളിലുള്ള ക്വാറന്റീന്‍ അറകളിലേക്കാണ് ഇവയെ തുറന്നുവിട്ടത്.
ചീറ്റകളെ നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നമീബിയയ്ക്ക് നന്ദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര നിമിഷമാണെന്നും മോദി പറഞ്ഞു. ദശാബ്ദങ്ങള്‍ക്ക് മുമ്പ് ചീറ്റകള്‍ വംശനാശം സംഭവിച്ചതോടെ തകര്‍ന്ന ജൈവവൈവിധ്യമാണ്, ചീറ്റകളെ രാജ്യത്തെത്തിച്ചതോടെ ഇന്ത്യ തിരിച്ചുപിടിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് ഇന്ത്യയില്‍ എത്തിച്ചത്. സംഘത്തിലുള്ള പെണ്‍ ചീറ്റകള്‍ക്ക് രണ്ടര വയസും ആണ്‍ ചീറ്റകള്‍ക്ക് നാലര മുതര്‍ അഞ്ചര വയസ്സ് വരെയുമാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്മാരാണ്. നമീബിയയിലെ എറിണ്ടി വന്യജീവി സങ്കേതത്തില്‍ ജനിച്ചതാണ് മൂന്നാമത്തെ ആണ്‍ചീറ്റ. സഞ്ചാരപഥം മനസിലാക്കുന്നതിന് ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളറുകള്‍ ഇവയുടെ കഴുത്തിലണിയിക്കും. ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേക സംഘങ്ങള്‍ക്കായിരിക്കും.
ചീറ്റകള്‍ വീണ്ടും രാജ്യത്തെത്തുമ്പോള്‍ 13 വര്‍ഷം നീണ്ട പ്രയത്‌നത്തിനാണ് സാക്ഷാത്കാരമാകുന്നത്. 2009 ല്‍ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രൊജക്ട് ചീറ്റ’ ആരംഭിച്ചത്. ഏഴ് പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്കു വംശനാശം വന്നത്. അഞ്ച് വര്‍ഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാനാണ് പദ്ധതി.
കടുവയുടെ മുഖത്തോടുകൂടിയ ബോയിങ് 747 കാര്‍ഗോ വിമാനത്തില്‍ പ്രത്യേക കൂടുകളിലാണ് ചീറ്റകളെ നമീബിയയിലെ വിന്‍ഡ്‌ഹോക് വിമാനത്താവളത്തില്‍ നിന്ന് ഗ്വാളിയാറിലെത്തിച്ചത്.