
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ മഹാരാജാവല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. സ്ഥാനം മറന്നാണ് ഗവര്‍ണറുടെ പ്രതികരണം. ഗവര്‍ണര്‍ സര്‍ക്കാരിന്റെ അധിപനല്ല. കേന്ദ്രത്തിന്റെ ഏജന്റാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുള്ള രാജ്യമാണിത്. അതനുസരിച്ചേ ആര്‍ക്കും പ്രവര്‍ത്തിക്കാനാകൂ. എന്തൊക്കെയോ അധികാരമുണ്ടെന്ന് ഗവര്‍ണര്‍ ഭാവിക്കുകയാണ്. അദ്ദേഹം ഉണ്ടെന്ന് ഭാവിക്കുന്ന അധികാരങ്ങളൊന്നും അദ്ദേഹത്തിന്റെ കൈവശമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നതിന് പിന്നാലെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ഗവര്‍ണറെ കടന്നാക്രമിച്ചത്. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.