ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുല്‍ ഗാന്ധി യാത്രയ്ക്കായി എവിടെ, എത്ര സമയം ചെലവഴിക്കണമെന്നത് കോണ്‍ഗ്രസിന്റെ വിഷയമാണ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളിലേക്ക് എത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഹിന്ദുത്വ അജണ്ടയ്ക്കെതിരെ മതേതര-ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് യെച്ചൂരി വ്യക്തമാക്കി. വര്ഗ്ഗീതയയ്ക്കെതിരെ മതേതര പക്ഷത്ത് പരമാവധി ആളെ ചേര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞു.
മതേതര-ജനാധിപത്യ ശക്തികള്‍ ബിജെപിയ്ക്കെതിരെ ഒന്നിയ്ക്കുകയാണ് വേണ്ടതെന്നും ഇടതുപക്ഷ ശക്തികളുടെ ഐക്യം രൂപപ്പെടുത്തുമെന്നും യെച്ചൂരി വ്യക്തമാക്കി. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഎം രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സെപ്റ്റംബര്‍ 24 വരെയായിരിക്കും പ്രതിഷേധമെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം നിക്ഷേപകരെ അകറ്റിനിര്‍ത്തുന്നുവെന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തിനും യെച്ചൂരി മറുപടി നല്കി. നിക്ഷേപം വരാത്തത് കമ്മ്യൂണിസം കൊണ്ടാണെന്നത് പറഞ്ഞുപഴകിയ പ്രചാരണമാണ്. മനുഷ്യാവകാശ സൂചികകളില്‍ കേരളം മുന്നിലും യുപി വളരെ പിന്നിലുമാണെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തില്‍ നിക്ഷേപം കൊണ്ടുവരാന്‍ മുഖ്യമന്ത്രി വിദേശത്ത് പോകേണ്ടതില്ലെന്നും വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കേരളത്തേക്കാള്‍ ഉത്തര്‍പ്രദേശിനോട് താത്പര്യം കാട്ടുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. യെച്ചൂരിയുടെ മോഡലാണോ നരേന്ദ്രമോദിയുടെ മോഡലാണോ നാടിന് നല്ലതെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.