
കൊച്ചി: തൃശൂരില്‍ സുരക്ഷാ ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് തിരിച്ചടി. ശിക്ഷയില്‍ ഇളവു തേടി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ കോടതി ശരിവച്ചു. ജീവപര്യന്തം തടവ് വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്, സി. ജയചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് പരിഗണിച്ചില്ല.
തൃശ്ശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിഷാം ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയുടെ ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അപ്പീല്‍ നല്‍കിയിരുന്നു. ചന്ദ്രബോസിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ നിഷാം ആക്രമിക്കുകയായിരുവെന്നായിരുന്നു സര്‍ക്കാര്‍ വാദം.
മുഹമ്മദ് നിഷാമിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ നേരത്തെ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. 2015 ജനുവരി 29-ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. തൃശ്ശൂരിലെ ഫ്ലാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം സുരക്ഷാ ജീവനക്കാരന് ചന്ദ്രബോസിന് നേരെ ആഡംബര കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16-ന് മരിച്ചതോടെയാണ് കൊലപാതകത്തിന് കേസെടുത്തത്.