
തൃശ്ശൂര്‍: പാലപ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആര്‍.ആര്‍.ടി വാച്ചര്‍ മരിച്ചു. കോഴിക്കോട് മുക്കം സ്വദേശി ഹുസൈന്‍ (35) ആണ് മരിച്ചത്. വയനാട്ടില്‍ നിന്നെത്തിയ കുങ്കിയാന ദൗത്യ സംഘത്തിലെ അംഗമായിരുന്നു ഹുസൈന്‍. പാമ്പുപിടിത്തത്തില്‍ പ്രഗത്ഭനായിരുന്നു ഹുസൈന്‍.
സെപ്റ്റംബര്‍ നാലിന് കള്ളായി പത്തായപ്പാറയ്ക്ക് സമീപം ഒറ്റയാന്റെ ആക്രമണത്തിലാണ് പരിക്കേറ്റത്. കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്തുന്നതിനിടെയായിരുന്നു അപകടം. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല.