
ആലുവ: ആലുവ-മൂന്നാര്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മാറമ്പിള്ളി കുന്നത്തുകര കറുംകുളം വീട്ടില്‍ കുഞ്ഞുമുഹമ്മദാണ് (70) മരിച്ചത്. കഴിഞ്ഞ മാസം 20-ന് ചാലക്കല്‍ പതിയാട്ട് ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന കുഞ്ഞുമുഹമ്മദ് വ്യാഴാഴ്ച്ച നാലുമണിയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
കഴിഞ്ഞ മാസം 20-ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. തോട്ടുമുഖത്തുള്ള മകളുടെ വീട്ടില്‍ വന്ന് തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയില്‍ റോഡിലെ കുഴിയില്‍ ഇരുചക്രവാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ ഹെല്‍മെറ്റ് തെറിച്ച് പോകുകയും തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശരീരമാകെ പരിക്കേറ്റ കുഞ്ഞുമുഹമ്മദിന്റെ വലതുകൈയുടെ തോളെല്ലിന് പൊട്ടലുമുണ്ടായി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു.
മാസങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡില്‍ പത്ത് ലക്ഷം രൂപ ചിലവഴിച്ച് അറ്റകുറ്റപണികള്‍ നടത്തിയതിന് പിന്നാലെയായിരുന്നു ഈ അപകടം.