ന്യൂഡല്‍ഹി: ലഖിംപൂര്‍ഖേരിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് അനുമതി നല്‍കി കുടുംബാംഗങ്ങള്‍. നേരത്തെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബാംഗങ്ങള്‍ പ്രതിഷേധത്തിലായിരുന്നു. അതിവേഗവിചാരണ ഉറപ്പാക്കുമെന്നും ധനസഹായം നല്‍കുമെന്നും അറിയിച്ചതോടെയാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ അയഞ്ഞത്.
സഹോദരിമാരില്‍ മൂത്ത പെണ്‍കുട്ടിയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ആക്രമണത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. മൂന്ന് ഗുരുതര പരിക്കുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. രണ്ട് കൈകള്‍ക്കും കണ്ണിനും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ഏതാനും പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെയാണ് സന്ധ്യയോടെ വയലരികിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. നിഖാസന്‍ ഗ്രാമത്തിലെ പൂനം (15), മനീഷ (17) എന്നീ പെണ്‍കുട്ടികളാണ് മരിച്ചത്. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.