
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെതിരായ പരാതി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. കേസില്‍ തെളിവ് നശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സര്‍വീസില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂരാണ് പരാതി നല്‍കിയത്.
അധികാര ദുരുപയോഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതിനാല്‍ ശ്രീറാമിനെ സിവില്‍ സര്‍വീസില്‍നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നും ക്രിമിനല്‍ കേസ് പ്രതിയായിരിക്കെ നിയമവിരുദ്ധമായി നല്‍കിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ഇതില്‍ ഉന്നയിച്ച വിഷയങ്ങള്‍ കമീഷന്റെ പരിഗണന വിഷയങ്ങളില്‍ പെട്ടതായതിനാല്‍ ഫയലില്‍ സ്വീകരിക്കുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.
രാത്രി മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിന് കാരണക്കാരനായിട്ടും ഐ.എ.എസ് പദവി ദുരുപയോഗം ചെയ്ത് കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഗൂഢാലോചന നടത്തിയെന്നും പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും രക്തസാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്‌തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആശുപത്രിയില്‍നിന്ന് ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് അയച്ചപ്പോഴും ജയില്‍ ഡോക്ടറെ സ്വാധീനിച്ച് ജയില്‍വാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് റിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ട ജോലികള്‍ ചെയ്യാന്‍ ഇദ്ദേഹം യോഗ്യനല്ല. സസ്‌പെന്‍ഡ് ചെയ്യപ്പെടുമ്പോള്‍ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരുന്ന ശ്രീറാം വെങ്കട്ടറാമിനെ തിരിച്ചെടുത്തത് ജോയന്റ് സെക്രട്ടറി റാങ്കിലാണ്. ഇത് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.