Home Featured ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി

ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി

0
ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി

കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, രമേശ് ചെന്നിത്തല, ടി.സിദ്ധിഖ് തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും മഠത്തിലെ സന്യാസിമാരും ശിവഗിരി മഠത്തിലെത്തിയ രാഹുലിനെ സ്വീകരിച്ചു.

രാവിലെ ആറരയോടെയാണ് രാഹുല്‍ ഗാന്ധി എത്തിയത്. ശ്രീനാരായണഗുരു സമാധിയിലും ശാരദാ മഠത്തിലും പ്രാര്‍ത്ഥന നടത്തിയ രാഹുലിന് സ്വാമിമാര്‍ ഊഷ്മളമായ സ്വീകരണം ഒരുക്കി. ഗുരുദേവന്റെ പുസ്തകങ്ങളും സമ്മാനിച്ചു. തുടര്‍ന്ന് ശിവഗിരി മഠത്തിലെ സ്വാമിമാരുമായി രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തി. ആദ്യമായാണ് രാഹുല്‍ ശിവഗിരി സന്ദര്‍ശിക്കുന്നത്.

ക്ഷണിക്കപ്പെടാതെ തന്നെ രാഹുല്‍ ഗാന്ധി എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും ശിവിഗിരിയിലെത്തിയിട്ടുണ്ടെങ്കിലും രാഹുലിന്റെ ആദ്യ സന്ദര്‍ശനമാണിത്. ഇതില്‍ രാഷ്ട്രീയമില്ലെന്ന് വി.ഡി.സതീശനും വ്യക്തമാക്കി.

നേരത്തെ ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്തെത്തിയപ്പോള്‍, ചട്ടമ്പിസ്വാമികളുടെ ജന്മഗൃഹത്തിലും അയ്യങ്കാളി സ്മാരകത്തിലുമെത്തി രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തിയിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിലാണ്. നാവായിക്കുളത്ത് നിന്ന് തുടങ്ങുന്ന പദയാത്രയുടെ ആദ്യ ഘട്ടം ചാത്തന്നൂരില്‍ സമാപിക്കും. ഉച്ചയ്ക്ക് വിദ്യാര്‍ത്ഥികളുമായി രാഹുല്‍ സംവദിക്കും. വൈകിട്ട് ചാത്തന്നൂരില്‍നിന്ന് തുടങ്ങുന്ന രണ്ടാംഘട്ട യാത്ര കൊല്ലം പള്ളിമുക്കില്‍ സമാപിക്കും.

ഇവിടെ പൊതുസമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും. വടക്കേവിള യൂന്നുസ് എന്‍ജിനീയറിങ് കോളജിലാണ് രാഹുലും പദയാത്രികരും അന്തിയുറങ്ങുക. ഇക്കഴിഞ്ഞ ഏഴിന് കന്യാകുമാരിയില്‍ നിന്ന് യാത്ര തുടങ്ങി 150 കിലോമീറ്ററോളം പിന്നിട്ട രാഹുലും സംഘവും നാളെ കൊല്ലത്ത് പൂര്‍ണമായി വിശ്രമിക്കും. വെള്ളിയാഴ്ചയാണ് തുടര്‍ന്ന് പദയാത്ര പുനരാരംഭിക്കുക. തിരുവനന്തപുരം ജില്ലയിലുടനീളം രാഹുല്‍ ഗാന്ധിക്ക് വലിയ സ്വീകരണം ലഭിച്ചിരുന്നു. കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ഗാന്ധി കശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here