വിഴിഞ്ഞം സമരം: രാഹുല്‍ ഗാന്ധിയുടെ പിന്തുണ തേടി സമരസമിതി, കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ തേടിയതായി സമര സമിതി. വഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ കെ.പി.സി.സിയോട് രാഹുല്‍ ഗാന്ധി നിലപാട് തേടിയതായും ലത്തീന്‍ അതിരൂപത അറിയിച്ചു.

രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമരസമിതി പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ നേതാവ് എന്ന നിലയില്‍ ഈ വിഷയം ഉന്നയിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതായും സമരസമിതി കണ്‍വീനര്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. വിഷയങ്ങള്‍ രേഖാമൂലം രാഹുലിനെ അറിയിച്ചു. വിഴിഞ്ഞം പദ്ധതിയെ തുടര്‍ന്നുള്ള തീരശോഷണവും വീടുകളുടെ നഷ്ടവും ഉപജീവനത്തിലെ പ്രതിസന്ധിയും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പൂര്‍ണ അവകാശം ഉറപ്പിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.