കാബൂള്‍: താലിബാന്‍ പിടിച്ചെടുത്ത അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക് ഹെലികോപ്റ്ററിന്റെ പരിശീലന പറക്കലിനിടെ തകര്‍ന്ന് വീണ് മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. 30 ദശലക്ഷം ഡോളറോളം വിലവരുന്ന ഹെലികോപ്റ്റര്‍ താലിബാന്‍ അംഗം പറത്താന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് നിയന്ത്രണം വിട്ട് നിലംപതിക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. 36 സെക്കന്‍ഡ് നീളുന്ന അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാബൂളിലെ സൈനിക വിമാത്താവളങ്ങളില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങളെന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക തകരാര്‍ കാരണമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് താലിബാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പരിശീലന പറക്കലായിരുന്നുവെന്നും അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യു.എസ് സൈന്യം പിന്മാറിയതോടെ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കുകയായിരുന്നു. എഴുപതോളം വിമാനങ്ങളും നിരവധി യുദ്ധോപകരണങ്ങളും നശിപ്പിച്ചാണ് അമേരിക്കന്‍ സൈന്യം തിരിച്ചുപോയത്. എന്നാല്‍, ചില വിമാനങ്ങളും ഹെലികോപ്റ്ററുകളും താലിബാന്‍ പിടിച്ചെടുത്തിരുന്നു. ഇതിലൊന്നാണ് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.