ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. 223 ഹര്‍ജികളും അന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അറിയിച്ചു. 2019-ലായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം അറിയാന്‍ മാറ്റിവെക്കുകയായിരുന്നു. യു.യു. ലളിത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിനു പിന്നാലെയാണ് ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.
തിങ്കളാഴ്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചെങ്കിലും പല കക്ഷികളും അസൗകര്യം അറിയിക്കുകയും സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം എന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കോടതി തീരുമാനം.
മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അതേസമയം, കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി പരിഗണിക്കില്ലെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.