ചണ്ഡീഗഡ്: ബി.ജെ.പി നേതാവ് സൊണാലി ഫോഗട്ടിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ഖാപ് പഞ്ചായത്ത് നടന്നതിന് തൊട്ടുപിന്നാലെ, കേസ് സി.ബി.ഐക്ക് കൈമാറുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രഖ്യാപിച്ചു.
കൊലപാതകത്തിന് ശേഷം സൊണാലി ഫോഗട്ടിന്റെ കുടുംബം ഇതേ ആവശ്യമുന്നയിച്ച് ഹരിയാന മുഖ്യമന്ത്രിയെ കണ്ടിരുന്നു. സംസ്ഥാന പൊലീസില്‍ തനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും അന്വേഷണം വളരെ നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ഹരിയാനയിലെ ജനങ്ങളുടെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങളെത്തുടര്‍ന്ന് കേസ് സി.ബി.ഐക്ക് കൈമാറുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതുമെന്നും സാവന്ത് പറഞ്ഞു.
ഫോഗട്ടിന്റെ മരണത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം ആവശ്യപ്പെട്ട് സൊണാലിയുടെ കുടുംബവും ഇളയ മകളും രംഗത്തെത്തിയിരുന്നു.
ഹരിയാനയിലെ ഹിസാര്‍ സ്വദേശിയും നടിയും ബിജെപി നേതാവുമായ സൊണാലിയെ റിസോര്‍ട്ടിലെ പാര്‍ട്ടിയ്ക്കിടെ ഓഗസ്റ്റ് 23-നാണ് മരിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സൊണാലിയുടെ സഹായികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.