
ന്യൂഡെല്‍ഹി: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി ജലീലിനെതിരെ രാജ്യദ്രോഹം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ജി.എസ് മണിയാണ് കോടതിയെ സമീപിച്ചത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ അടക്കം കോടതി പരിശോധിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്.
കശ്മീര്‍ യാത്രയ്ക്ക് ശേഷം കെ.ടി ജലീല്‍ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പാണ് വിവാദമായത്. ജലീലിന്റെ ആസാദ് കശ്മീര്‍ പരാമര്‍ശത്തിനെതിരെ അഭിഭാഷകന്‍ ജി.എസ് മണി കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കെ.ടി.ജലീലിനെതിരെ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കലാപാഹ്വാന ഉദ്ദേശത്തോടെയാണ് ജലീല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതെന്നാണ് എഫ്.ഐ.ആര്‍.