അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം 2023-ല്‍ പൂര്‍ത്തിയാക്കും; ചെലവ് 1800 കോടിയെന്ന് ട്രസ്റ്റ് അധികൃതര്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന് 1800 കോടി രൂപ ചെലവ് വരുമെന്ന് ട്രസ്റ്റ് അധികൃതര്‍. ക്ഷേത്രസമുച്ചയത്തില്‍ ഹിന്ദു സന്യാസിമാരുടെയും രാമായണത്തിലെ കഥാപാത്രങ്ങളുടെയും പ്രതിമകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഫൈസാബാദ് സര്‍ക്യൂട്ട് ഹൗസില്‍ ചേര്‍ന്ന ട്രസ്റ്റിന്റെ യോഗത്തിന്റെതാണ് തീരുമാനം. 15 ട്രസ്റ്റ് അംഗങ്ങളില്‍ 14 പേരും യോഗത്തില്‍ പങ്കെടുത്തതായി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു.

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം രൂപവത്കരിച്ച ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണച്ചുമതല. 2023-ഓടെ ഡിസംബറോടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും 2024 മകരസംക്രാന്തി ഉത്സവത്തോടെ ക്ഷേത്രം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചമ്പത്ത് റായി പറഞ്ഞു. നീണ്ട യോഗങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ട്രസ്റ്റ് അതിന്റെ നിയമങ്ങളും മാനുവലും അന്തിമമായി അംഗീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ്, ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി, ഉഡുപ്പി പീതാധീശ്വര്‍ വിശ്വതീര്‍ഥ പ്രസന്നാചാര്യ, ഡോ. അനില്‍ മിശ്ര, മഹന്ത് ദിനേന്ദ്ര ദാസ്, കാമേശ്വര് ചൗപാല്‍, എക്‌സ് ഒഫീഷ്യോ അംഗം ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.