Home Featured അതിതീവ്രമഴ: സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഡാമുകള്‍ തുറക്കുന്നു; ജാഗ്രതാനിര്‍ദ്ദേശം

അതിതീവ്രമഴ: സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഡാമുകള്‍ തുറക്കുന്നു; ജാഗ്രതാനിര്‍ദ്ദേശം

0
അതിതീവ്രമഴ: സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഡാമുകള്‍ തുറക്കുന്നു; ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ പെയ്യുമെന്ന നിഗമനത്തെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് എഴ് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടര്‍ച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവജാഗ്രത പാലിക്കണം.

കേരള തീരങ്ങളില്‍ നിന്നും സെപ്റ്റംബര്‍ 9 വരെയും ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് ഇന്നും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചിലവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.

അതേസമയം ജനനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ആളിയാര്‍ ഡാമിന്റെ അഞ്ചു ഷട്ടറുകളും രാത്രി തുറന്നിരുന്നു. തിരുവനന്തപുരത്ത് പേപ്പാറ, അരുവിക്കര, ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. തെന്മല ഡാമിന്റെ ഷട്ടറുകള്‍ രാവിലെ 11-ന് തുറക്കും.

തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെയും ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ഇടമലയാര്‍ അണക്കെട്ടില്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here