യുക്രെയ്‌നില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി: ഇന്ത്യയിലെ മെഡിക്കല്‍ കോളെജുകളില്‍ പഠനം പൂര്‍ത്തിയാക്കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: യുക്രെയ്‌നില്‍ നിന്നെത്തിയ ഇന്ത്യാക്കാരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളെജുകളില്‍ ചേര്‍ന്ന് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം. നിലവിലെ ചട്ടങ്ങള്‍ അതിന് അനുവദിക്കുന്നില്ല.

അതേസമയം ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ചൈനയിലും യുക്രെയ്‌നിലും പഠിക്കുന്ന അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള സ്‌ക്രീനിങ് ടെസ്റ്റ് എഴുതാന്‍ അവസാന വര്‍ഷ മെഡിക്കല്‍ കോളെജ് വിദ്യാര്‍ത്ഥികളെ അനുവദിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയാല്‍ ബിരുദാനന്തര രജിസ്‌ട്രേഷ് അനുമതി ലഭിക്കും. കെ.മുരളീധരന്‍ എം.പിയുടെ കത്തിനാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ മറുപടി.