
പത്തനംതിട്ട: രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 വയസ്സുകാരി ഗുരുതരാവസ്ഥയില്‍. പത്തനംതിട്ട പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയെയാണ് ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയത്.
പാല്‍ വാങ്ങാന്‍ പോകുന്നതിനിടെ തെരുവുനായയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. കാര്‍മല്‍ എഞ്ചിനീയറിങ്ങ് കോളെജ് റോഡിലൂടെ നടന്നുപോകുമ്പോഴായിരുന്നു സംഭവം. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ കുട്ടിയുടെ വീട്ടുകാരെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയ്ക്ക് മൂന്ന് ഡോസ് പ്രതിരോധ കുത്തിവയ്പ്പുകളും എടുത്തിരുന്നു. കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു. പത്തനംതിട്ട ജില്ലാ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. വെള്ളിയാഴ്ച വൈകിട്ടോടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ ഇപ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.