
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട സ്പീക്കര്‍ എം.ബി.രാജേഷ് ഇന്ന് രാജി സമര്‍പ്പിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുന്ന എം.ബി.രാജേഷ് വരുന്ന ചൊവ്വാഴ്ച പിണറായി വിജയന്‍ മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കര്‍ രാജിവെക്കുന്ന സാഹചര്യത്തില്‍ ഡെപ്യൂട്ടി സ്പീക്കറായ ചിറ്റയം ഗോപകുമാറിനാണ് പകരം ചുമതല.
സി.പി.എം സംസ്ഥാനസെക്രട്ടറിയായി നിയമിതനായതിനെത്തുടര്‍ന്ന് എം.വി.ഗോവിന്ദന്‍ ഇന്നലെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. എക്‌സൈസ്, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളായിരുന്നു എം.വി.ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്നത്. അതേ വകുപ്പുകള്‍ തന്നെ എം.ബി.രാജേഷിന് ലഭിക്കാനാണ് സാധ്യത.
മുന്‍പ് രണ്ടു തവണ പാലക്കാട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാംഗമായ എം.ബി.രാജേഷ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയില്‍ നിന്നുള്ള എം.എല്‍.എയായാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനമൊഴിയുന്ന സ്പീക്കര്‍ സ്ഥാനത്തേക്ക് തലശ്ശേരി എം.എല്‍.എ എ.എന്‍.ഷംസീറിനെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തിരിക്കുന്നത്.