200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്: നടി നോറ ഫത്തേഹിയെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു

ന്യൂഡെല്‍ഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ പിടിയിലായ സുകാഷ് ചന്ദ്രശേഖറുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ബൊളിവുഡ് നടി നോറ ഫത്തേഹിയെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് നടിയെ ഏഴു മണിക്കൂറോളം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്.

കേസില്‍ സുകാഷ് ചന്ദ്രശേഖറിനെയും നോറ ഫത്തേഹിയേയും ഒരുമിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ ചോദ്യം ചെയ്തതും ഇഡിയുടെ കുറ്റപത്രത്തിന്റെ ഭാഗമായാണ്. 2017-ല്‍ അറസ്റ്റിലായ സുകാഷ് നിലവില്‍ ഡല്‍ഹി രോഹിണി ജയിലിലാണ്.

സുകാഷ് ചന്ദ്രശേഖര്‍ ആഡംബര കാറും മറ്റു സമ്മാനങ്ങളും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നോറ ഫത്തേഹിയെ കേസില്‍ ചോദ്യം ചെയ്തത്. അതേസമയം സുകാഷ് കാര്‍ വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ അത് പിന്നീട് നിരസിച്ചെന്നുമാണ് നടിയുടെ വാദം. എന്നാല്‍ നടിക്ക് നേരിട്ടാണ് താന്‍ കാര്‍ സമ്മാനിച്ചതെന്നാണ് സുകാഷിന്റെ മൊഴി.

ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് സുകാഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം ഭാര്യയും മലയാളിനടിയുമായ ലീന മരിയ പോളും കേസില്‍ പിടിയിലായിരുന്നു. ഇരുവര്‍ക്കും പുറമേ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയും പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിരുന്നു.