
ചങ്ങനാശ്ശേരി: ഞായറാഴ്ച നെഹ്റു ട്രോഫി ജലമേള നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ചങ്ങനാശേരി അതിരൂപത. ഞായറാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനുള്ള ഗൂഢനീക്കങ്ങള്‍ കുറെ നാളുകളായി സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണങ്ങളിലൊന്നാണിത്. പള്ളികളുടെ ആരാധനാസമയം പോലും പരിഗണിക്കാതെ നെഹ്റു ട്രോഫിക്കായി പാര്‍ക്കിംഗ് ക്രമീകരണം നടത്തണം എന്നാവശ്യപ്പെടുന്നത് അപലപനീയമാണെന്ന് അതിരൂപത വൈദിക സമിതി വ്യക്തമാക്കി.
ക്രൈസ്തവര്‍ പ്രാര്‍ഥനയ്ക്കും ദൈവ ആരാധനയ്ക്കുമായി മാറ്റി വയ്ക്കുന്ന ദിവസമാണ് ഞായറാഴ്ച. ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തുന്ന നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ചങ്ങനാശേരി അതിരൂപത വൈദിക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തവണ സെപ്തംബര്‍ നാലിനാണ് നെഹ്റു ട്രോഫി വള്ളംകളി.
അതേസമയം ഞായറാഴ്ച പ്രവൃത്തി ദിനമാക്കി മാറ്റാന്‍ പല നീക്കങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. അതിന്റെ ടെസ്റ്റ് ഡോസാണ് ഇത്തവണത്തെ വള്ളംകളിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് വര്‍ഷങ്ങളായി നെഹ്റുട്രോഫി വള്ളംകളി നടത്തിയിരുന്നത്. ടൂറിസം ഭൂപടത്തിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. മഹാപ്രളയത്തെയും കൊറോണയെയും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ മുടങ്ങിയ വള്ളംകളി പതിവ് തെറ്റിച്ച് ഇത്തവണ ഞായറാഴ്ചത്തേക്ക് മാറ്റി വച്ചത് ദുരുദ്ദേശപരമാണെന്ന് ആക്ഷേപം ശക്തമാണ്.
കേരളത്തിലെ ഏറ്റവും പ്രധാന വള്ളംകളി മത്സരമാണ് നെഹ്റുട്രോഫി വള്ളംകളി. ആലപ്പുഴയുടെ ഹൃദയഭാഗത്തുള്ള പ്രധാന ദേവാലയങ്ങളായ പഴവങ്ങാടി മാര്‍സ്ലീവ ഫൊറോന പള്ളിയും പുന്നമടക്കായലിനോട് അടുത്തുള്ള തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയും വള്ളം കളിക്ക് വരുന്നവര്‍ക്ക് പാര്‍ക്കിങ് ഒരുക്കി കൊടുക്കണം എന്ന നിര്‍ബന്ധമായ സര്‍ക്കാര്‍ ഉത്തരവില്‍ ഏറെ പ്രതിഷേധം ശക്തമായിട്ടുണ്ട്. രാവിലെ മുതല്‍ പാര്‍ക്കിങിനായി പള്ളി പരിസരത്തു വണ്ടികള്‍ വന്നു തുടങ്ങിയാല്‍ രാവിലെ മുതല്‍ പള്ളിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഇത് തടസമാകുമെന്ന് അറിഞ്ഞിട്ടും ഇത്തരം നടപടി സ്വീകരിച്ചതിലൂടെ ക്രിസ്ത്യാനികളുടെ ഞായറാഴ്ചത്തെ വിശുദ്ധ ദിനാചരണത്തെ തടസപ്പെടുത്താന്‍ ബോധപൂര്‍വ്വമായി നടത്തിയ നീക്കമാണിതെന്ന സംശയം പ്രബലമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ പ്രതിഷേധം ശക്തമാക്കുമെന്ന് വിവിധ സംഘടനകള്‍ അറിയിച്ചു.