തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ ടോള്‍ നിരക്ക് കൂടും. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 10 രൂപ മുതല്‍ 65 രൂപ വരെ വര്‍ദ്ധിക്കും. കാറുകള്‍ക്ക് 80 രൂപയായിരുന്നത് ഇനി 90 രൂപയാകും. എല്ലാവര്‍ഷവും സെപ്റ്റംബര്‍ ഒന്നാം തീയതി ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് കൂടുന്നത്.
ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് കാറുകള്‍ക്ക് 120 രൂപയായിരുന്നത് 135 രൂപയാകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ നിരക്ക് 140-ല്‍ നിന്ന് 160 ആകും. ചെറുകിട വാണിജ്യ വാഹനങ്ങളുടെ ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 205 രൂപയുണ്ടായിരുന്നത് 235 രൂപയാകും.
ബസ്, ലോറി എന്നിവയ്ക്ക് 275 രൂപയായിരുന്നത് ഇനി മുതല്‍ 315 രൂപയാകും. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് ഇനി മുതല്‍ 475 രൂപയാണ് ഈടാക്കുക. നിലവില്‍ ഇത് 415 രൂപയായിരുന്നു. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 445 രൂപയായിരുന്നത് 510 ആകും. ഒന്നിലേറെ യാത്രകള്‍ക്ക് നല്‍കിയിരുന്ന 665 രൂപയ്ക്ക് പകരം ഇനി 765 രൂപ നല്‍കേണ്ടി വരും.