കനത്ത മഴ:13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മലയോര മേഖലയില്‍ ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണം. കേരള തീരതത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അടുത്ത രണ്ട് ദിവസവും 13 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. നാളെ വയനാട് ഒഴികെയുള്ള ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലും ആലപ്പുഴ ജില്ലയിലെ ഒരു താലൂക്കിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.