വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കില്ല, നീറ്റ് പി.ജി കൗണ്‍സിലിങ്ങില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: നീറ്റ് പി.ജി കൗണ്‍സിലിങ്ങില്‍ ഇടപെടാനാവില്ലെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കാനാവില്ലെന്നും സുപ്രീം കോടതി. പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി, അടിയന്തരമായി വാദം കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

കൗണ്‍സിലിങ്ങ് സെപ്റ്റംബര്‍ ഒന്നാം തീയതി തുടങ്ങുമെന്നും അതിനു മുമ്പ് ഹര്‍ജി പരിഗണിക്കണമെന്നുമാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇതില്‍ ഇടപെടാനാവില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡും ഹിമ കൊഹ് ലിയും അടങ്ങിയ ബെഞ്ച് അറിയിച്ചു. കോടതി ഇതില്‍ ഇടപെടുന്നില്ലെന്നും കൗണ്‍സിലിങ്ങ് തുടരാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി ഇനിയും നിര്‍ത്തിവെക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

നീറ്റ് പി.ജി പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ആന്‍ഡ് മെഡിക്കല്‍ സയന്‍സസിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.