കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് കറുകച്ചാല്‍ പുലിയിളക്കാലില്‍ മലവെള്ളപ്പാച്ചില്‍. മാന്തുരുത്തിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മഴയെത്തുടര്‍ന്ന് നെടുമണ്ണി-കോവേലി പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇവിടെ രണ്ട് വീടുകളുടെ മതില്‍ തകര്‍ന്നു. നെടുമണ്ണി പാലം വെള്ളത്തില്‍ മുങ്ങി വാഹനഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. വാഴൂര്‍ റോഡില്‍ പന്ത്രണ്ടാം മൈലില്‍ റോഡില്‍ മുട്ടറ്റം വെള്ളം ഉയര്‍ന്നിട്ടുണ്ട്. ഇവിടെയും വാഹനഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.
അതിനിടെ കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങലിലും ചുങ്കപ്പാറയിലും വീടുകളില്‍ വെള്ളം കയറി. കടകളില്‍ വെള്ളം കയറി വ്യാപക നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.
അതേസമയം സംസ്ഥാനത്തെ മലയോര മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കി. കോട്ടയം മുതല്‍ കാസര്‍കോട് വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.