പാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നിര്‍ബന്ധിച്ച് കുടിപ്പിച്ചു; സൊണാലി ഫോഗട്ടിന്റെ മരണത്തില്‍ പുതിയ കണ്ടെത്തല്‍

പനാജി: ഹരിയാനയിലെ ബി.ജെ.പി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ മരണത്തില്‍ പുതിയ കണ്ടെത്തലുമായി പൊലീസ്. ഗോവയില്‍ പാര്‍ട്ടിയ്ക്കിടെ സൊണാലി ഫോഗട്ടിന് ലഹരിമരുന്ന് നല്‍കിയെന്ന് പൊലീസ് പറഞ്ഞു. നിര്‍ബന്ധിച്ചാണ് ലഹരി നല്‍കിയതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി.

ലഹരിമരുന്ന് നല്‍കി മയക്കിയ സൊണാലിയെ പുലര്‍ച്ചെ നാലരയോടെ പ്രതികള്‍ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയി. രണ്ടു മണിക്കൂറിന് ശേഷമാണ് പുറത്തു വന്നത്. അതിനിടയില്‍ എന്തുസംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ല. സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായികളായ രണ്ടുപേരെ വ്യാഴാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. സോണാലിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

തിങ്കളാഴ്ച രാത്രിയാണ് ഗോവയിലെ റസ്‌റ്റോറന്റില്‍ വെച്ച് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സൊണാലി ഫോഗട്ടിന്റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടെയെത്തും മുന്‍പ് തന്നെ സൊണാലി മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.