തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ കനത്ത മഴ കണക്കിലെടുത്ത് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലും വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ഞായറാഴ്ച ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
വെളളിയാഴ്ച വരെ കേരള-ലക്ഷദ്വീപ്-കര്‍ണ്ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തിലുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്റ്റ് 24 മുതല്‍ 26 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.