
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനിലിനോട് കയര്‍ത്ത് സംസാരിച്ച വട്ടപ്പാറ സിഐ ഗിരിലാലിന് സ്ഥലം മാറ്റം. വിജിലന്‍സിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കുടുംബവഴക്കുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടപെട്ട മന്ത്രിയോട് കയര്‍ത്ത് സംസാരിച്ച സിഐയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. സിഐയുടെ പെരുമാറ്റത്തിന് എതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് മന്ത്രി പരാതി അറിയിച്ചതിന് പിന്നാലെയാണ് നടപടി.
മന്ത്രിയുടെ മണ്ഡലത്തില്‍പ്പെട്ട സ്ത്രീയെ രണ്ടാം ഭര്‍ത്താവ് മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് യുവതി വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കാര്യം സ്ത്രീ മന്ത്രിയെ നേരില്‍ കണ്ട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രി സ്റ്റേഷനില്‍ വിളിച്ച് കാര്യമന്വേഷിച്ചപ്പോഴാണ് സിഐയുമായി വാക്കുതര്‍ക്കം ഉണ്ടാകുന്നത്. സ്ത്രീയ്ക്ക് അനുകൂലമായി നടപടിയെടുക്കണമെന്ന് മന്ത്രി പറയുമ്പോള്‍ ന്യായം നോക്കി കാര്യങ്ങള്‍ ചെയ്യാമെന്ന സിഐയുടെ മറുപടിയാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റം രൂക്ഷമാവുകയായിരുന്നു.
ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥന് നേരെ നടപടിയുണ്ടായത്. ഇതോടൊപ്പം വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന അഞ്ച് സി.ഐമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്.