ന്യൂഡെല്‍ഹി: ശിവസേനയിലെ അധികാരത്തര്‍ക്കം ഭരണഘടനാ ബെഞ്ചിന് കൈമാറി സുപ്രീം കോടതി ഉത്തരവ്. കൂറു മാറിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറേ വിഭാഗവും യഥാര്‍ത്ഥ ശിവസേനയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്. കേസ് വ്യാഴാഴ്ച ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗബെഞ്ച് അറിയിച്ചു.
യഥാര്‍ത്ഥ ശിവസേന ആരെന്ന തര്‍ക്കത്തില്‍ നടപടി എടുക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. യഥാര്‍ത്ഥ ശിവസേനയെന്ന് പ്രഖ്യാപിക്കണമെന്നും പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഷിന്‍ഡെ വിഭാഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ഒട്ടേറെ ഭരണഘടനാ പ്രശ്‌നങ്ങള്‍ അടങ്ങുന്നതാണ് ശിവസേനയിലെ തര്‍ക്കം എന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസിന് പുറമേ ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാനുള്ള ഗവര്‍ണറുടെ അധികാരം, വിപ്പ് ലംഘിക്കുന്ന അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള സ്പീക്കറുടെ അധികാരം തുടങ്ങിയ വിഷയങ്ങളാകും ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.