തിരുവനന്തപുരം: നിയമസഭയില്‍ കെ.ടി.ജലീല്‍ സംസാരിക്കുന്നതിന് തൊട്ടുമുന്‍പ് ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമെന്ന് കെ.കെ.ശൈലജയുടെ ആത്മഗതം. ലോകായുക്ത നിയമഭേദഗതി ബില്ല് നിയമസഭയില്‍ പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. മൈക്ക് ഓണാണെന്ന കാര്യം ഓര്‍ക്കാതെയായിരുന്നു കെ.കെ.ശൈലജയുടെ ആത്മഗതം. ചെറിയ ശബ്ദമായിരുന്നുവെങ്കിലും മൈക്ക് ഓണായിരുന്നതിനാല്‍ ആ പറച്ചില് നന്നായി പുറത്തേയ്ക്ക് കേള്‍ക്കുകയും ചെയ്തു.
പതുക്കെ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ എല്ലാവരും കേട്ടുകഴിഞ്ഞു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവം ചര്‍ച്ചയായതോടെ വിഷയത്തില്‍ കെ.കെ.ശൈലജ തന്റെ ഫെയ്സ്ബുക്ക് പേജില്‍ വിശദീകരണവും നല്‍കിയിട്ടുണ്ട്.
കെ.കെ.ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
നിയമസഭയില്‍ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു. അംഗം കെ.ടി. ജലീല്‍ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്.