‘ആസാദ് കശ്മീര്‍’ പരാമര്‍ശം: കെ.ടി.ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: വിവാദമായ ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി.ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആര്‍.എസ്.എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയില്‍ തിരുവല്ല കോടതിയാണ് ജലീലിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.

മുന്‍ മന്ത്രി എ.സി.മൊയ്തീന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നടത്തിയ കശ്മീര്‍ യാത്രയ്ക്ക് പിന്നാലെ ജലീല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു കെ.ടി.ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജമ്മുവും കശ്മീരും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ എന്നും പോസ്റ്റില്‍ പരാമര്‍ശമുണ്ടായിരുന്നു. പാക് അധിനിവേശ കശ്മീരില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന കുറിപ്പിലെ വരികള്‍ പരോക്ഷമായി പാക്കിസ്ഥാനെ പുകഴ്ത്തലാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് കെ.ടി.ജലീല്‍ തന്റെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്തതായും പോസ്റ്റ് പിന്‍വലിക്കുന്നതായും അറിയിച്ചിരുന്നു.

അതേസമയം ഇതേസംഭവത്തില്‍ കെ.ടി.ജലീലിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് ഡല്‍ഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി.എസ്.മണി തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണിത്. ഈ പരാതി കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ ക്രൈം വിഭാഗത്തിന് കൈമാറിയിരുന്നു.